India Special

ഭാരതത്തില്‍ കാര്‍ഷിക വിപ്ലവത്തന് വിത്തുപാകുന്ന പുതിയ കാര്‍ഷിക ബില്‍

ഭാരതീയ കര്‍ഷകരുടെ നിസഹായവസ്ഥയില്‍ നിന്നും സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതാണ് പുതിയ കാര്‍ഷിക ബില്‍ എന്ന് വിദഗ്ധര്‍. നിലവിലെ പാരമ്പര്യ കൃഷി രീതികളെ ഉടച്ചുവാര്‍ത്ത് കര്‍ഷകര്‍ക്ക് പരമാവധി ലാഭമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിച്ച ബില്ലിനെ ഭരണപക്ഷം ചെയ്യുന്നതെന്തും എതിര്‍ക്കപ്പെടാനുള്ളതാണ് എന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ എതിര്‍ക്കുന്നത് കര്‍ഷകന്റെ ഏതു വീക്ഷണകോണില്‍ നിന്നാണെന്ന് ആര്‍ക്കും മനസിലാവുന്നില്ല. കാര്‍ഷിക വിളകള്‍ സംഭരിക്കാന്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഇടയില്‍ നിന്ന് കൈനനയാതെ കോടികള്‍ കൊയ്യുന്ന ഏജന്റുമാര്‍ക്ക് മാത്രമാണ് ഈ ബില്ലിലൂടെ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഭാരതീയ കൃഷിരീതിയുടെ അടിത്തറ മാറ്റുന്നത് തന്നെയാണ് ഈ ബില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു.

എന്നാല്‍ വിളകള്‍ക്കുള്ള താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. താങ്ങുവില സര്‍ക്കാര്‍ എടുത്തുകളയുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പിച്ചു പറയുമ്പോഴും ഈ ബില്‍ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ പലരും തങ്ങളുടെ സ്ഥായിയായ വരുമാന നഷ്ടം മുന്നില്‍ കണ്ടുകൊണ്ടാണ്. എഫ്‌സിഐക്കും കര്‍ഷകര്‍ക്കും ഇടയില്‍ സംഭരണ ബ്രോക്കറായി വര്‍ഷാവര്‍ഷം ആയിരക്കണക്കിന് കോടികള്‍ ലാഭം കൊയ്‌തെടുക്കുന്ന കുടുംബ ബിസിനസ് തകരുമെന്ന് ഉറപ്പാക്കിയതിനാലാണ് ഇവര്‍ കര്‍ഷകരെ മുന്‍നിര്‍ത്തി സമരത്തിനെത്തുന്നത്. തങ്ങള്‍ പാരമ്പര്യ കര്‍ഷകര്‍ തന്നെയാണ് എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പത്രക്കാര്‍ക്കു മുന്‍പില്‍ പാളത്തൊപ്പിയണിഞ്ഞ് ചെളി പുരളാതെ വിത്തെറിഞ്ഞാല്‍ ദാരിദ്ര്യം മാറുമെന്ന് വിശ്വസിക്കുന്ന തലമുറ ഈ നാടില്‍ നിന്നു നീങ്ങിപ്പോയെന്ന് മനസിലാക്കാനാകാത്തവരാണ് ഇന്ന് കേരളത്തില്‍ ഈ ബില്ലിനെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കൃഷി കാലാവസ്ഥയുടെ ചൂതാട്ടത്തില്‍നിന്ന് മാറി വന്‍ ബിസിനസ് ആവുന്നിടത്തു നിന്നാണ് ഇന്ത്യയിലെ കര്‍ഷകന്റെ നല്ലകാലം തുടങ്ങുക. അതിനുള്ള തുടക്കമാണ് മോദി സര്‍ക്കാറിന്റെ കാര്‍ഷിക ബില്‍.

മന്മോഹന്‍സിംഗ്് സാമ്പത്തിക ഉദാരവത്കരണത്തിലൂടെ എങ്ങനെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ത്തത് അതുപോലെ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ സമഗ്രമാറ്റമാണ് ബില്‍ ലക്ഷ്യമിടുന്നത്. അതായത് ഇനി മുതല്‍ കര്‍ഷകനും വന്‍കിട കമ്പനിയും ചേര്‍ന്ന് പങ്കാളത്തിത്തില്‍ കൃഷി നടത്താന്‍ കഴിയും. വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടായ്മകളെയും കമ്പനികളെയുമെല്ലാം അതിന് അനുവദിക്കുകയാണ് പുതിയ ബില്ലില്‍ ചെയ്യുന്നത്. ഇതിന്റെ ഏകദേശ രീതി ഇങ്ങനെയാണ്. ഭൂവുടമകളും കൃഷി ചെയ്യാന്‍ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളും തമ്മില്‍ കരാറുണ്ടാക്കുന്നു. കൃത്യമായ വരുമാനം സ്ഥലത്തിന്റെ ഉടമയ്ക്ക് നിയമപ്രകാരം ഉറപ്പാക്കുന്നു. ഒരു ഫെസിലിറ്റേറ്ററുടെ റോള്‍ മാത്രം സര്‍ക്കാര്‍ ഇവിടെ വഹിച്ചാല്‍ മതി.

നമ്മുടെ നാട്ടിലെ തന്നെ യുവാക്കള്‍ക്കും മറ്റും ഇത്തരം അഗ്രികള്‍ച്ചര്‍ കൂട്ടായ്മകള്‍, ഫേമുകള്‍ ആരംഭിക്കാം. കൂടാതെ ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എല്ലാ കമ്പനികളേയും കോര്‍പ്പറേറ്റുകളേയും സ്വാഗതം ചെയ്യാം. ഒരു രൂപ പോലും ഖജനാവില്‍ നിന്ന് ചെലവാക്കാതെ കൃഷിക്കാരന് ലാഭമുണ്ടാവും. ഉദാരീകരണക്കാലത്ത് കുത്തക കമ്പനികള്‍ ഇന്ത്യയെ കൊള്ളയടിക്കും എന്നും വേള്‍ഡ് ബാങ്ക് ഇന്ത്യയെ ജപ്തിചെയ്യും എന്നൊക്കെയല്ലേ നാം കേട്ടിരുന്നത്. എതായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ഇന്ത്യയുടെ അവസ്ഥ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റിന്റെ നല്ലൊരു പങ്ക് സാമ്പത്തിക ഉദാരീകരത്തിനുള്ളതാണ്. ഒരു പ്രൊപ്പഗാന്‍ഡയില്‍പെട്ട് തളര്‍ന്നു നിന്ന ഇന്ത്യന്‍ കാര്‍ഷിക വ്യവസായത്തിന് ഉണര്‍വ് നല്‍കുകയാണ് മോദി ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഡോ. സുന്ദര സീതാറാമിനെപ്പോലുള്ള രാഷ്ട്രീയ അജണ്ടകള്‍ ഇല്ലാത്ത നിഷ്പക്ഷരായ കാര്‍ഷിക ശാസ്ത്രജ്ഞന്മാര്‍ ബില്ലിനെ സ്വാഗതം ചെയ്യുന്നത്. ഹരിത വിപ്ലവം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയെങ്കിലും കര്‍ഷകന്റെ സ്ഥിതി അത്രയൊന്നും മെച്ചമല്ല.

നടക്കുന്ന കാര്‍ഷിക ആത്മഹത്യകളുടെ വാര്‍ത്തകളാണ് ഓരോ വര്‍ഷവും കേട്ടുകൊണ്ടരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവരുന്നത്. വിശാലവും അസംഘടിതവുമായ ഇന്ത്യയിലെ കാര്‍ഷിക വിപണിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കാലോചിതമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതിനും വേണ്ടിയാണ് കാര്‍ഷിക മേഖലയില്‍ പുതിയ നിയമനിര്‍മ്മാണങ്ങളും ഘടനാപരമായ മാറ്റങ്ങളും വരുത്തുന്നതെന്ന് കാര്‍ഷിക ബില്‍ 2020ന്റെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്. കാര്യക്ഷമവും സുതാര്യവും ന്യൂതന സാങ്കേതിക യുക്തവും സുഗമവുമായ, അന്തര്‍-സംസ്ഥാന വ്യാപാരം, വാണിജ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മത്സരാധിഷ്ഠിത ബദല്‍ വ്യവഹാര മാര്‍ഗങ്ങള്‍ വഴി കര്‍ഷകരുടെ പ്രതിഫലം വര്‍ധിപ്പിക്കുക, കര്‍ഷകരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണികളില്‍ നിന്ന് സ്വതന്ത്രരാക്കുകയും അവരുടെ ഉത്പന്നങ്ങള്‍ക്ക് പൊതുവിപണിയോടൊപ്പം മറ്റു വിപണികള്‍ കണ്ടെത്തി മികച്ച വില ലഭ്യമാക്കുകയും ചെയ്യുക, എന്നിവ ഈ ബില്‍ ലക്ഷ്യമിടുന്നു. 2020ലെ പുതിയ കാര്‍ഷിക ആവാസവ്യവസ്ഥയില്‍, കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അവരുടെ ഉത്പന്നങ്ങളുടെ വില്‍പനയും വാങ്ങലും വിപണിവിലയും കരാര്‍ കൃഷിയും സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളാനുള്ള സ്വാതന്ത്ര്യം ലഭിക്കും.

ഇലക്ട്രോണിക് ട്രേഡിംഗിന് സൗകര്യപ്രദമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതോടൊപ്പം, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണികളുടെ ഭൗതിക പരിസരങ്ങളില്‍ അഥവാ വിവിധ സംസ്ഥാന കാര്‍ഷിക ഉല്‍പന്ന വിപണന നിയമങ്ങള്‍ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് രാജ്യത്തെ ഏത് മാര്‍ക്കറ്റിലും, അനുയോജ്യമായ വിലയില്‍ വില്‍ക്കാനും സാധിക്കും. കര്‍ഷകരുടെ ഉത്പാദനം വ്യാപാരവും വാണിജ്യവും; ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020, കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) ന്യായ വില, കാര്‍ഷിക സേവന ബില്‍ 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) ബില്‍ 2020 എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കാര്‍ഷിക ബില്‍ 2020 ന്റ്റെ ഭാഗമായി കേന്ദ്രം ആവിഷ്‌കരിച്ചത്. ഫലത്തില്‍ ഉദാരീകരണം കാര്‍ഷിക മേഖലയിലും എത്തുകയാണ്. കര്‍ഷകരുടെ ഉത്പാദനം വ്യാപാരവും വാണിജ്യവും: ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020 നോക്കുക. ഈ നിര്‍ദിഷ്ട നിയമനിര്‍മാണം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ എപിഎംസി വിപണികളുടെയും സംസ്ഥാന എപിഎംസി നിയമപ്രകാരം വിജ്ഞാപനം ചെയ്ത മറ്റ് മാര്‍ക്കറ്റ് യാര്‍ഡുകള്‍ക്ക് (മാന്‍ഡിസ്) പുറത്ത് വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു. വിപണികളുടെ ഭൗതിക പരിധിക്കപ്പുറം കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന വ്യാപാരം ഈ ബില്ലിലൂടെ സാധ്യമാകുന്നു.

ഈ ബില്ലിനു കീഴില്‍, കര്‍ഷകര്‍, വ്യാപാരികള്‍, ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവരില്‍ നിന്ന് മാര്‍ക്കറ്റ് ഫീസ്, സെസ് അല്ലെങ്കില്‍ ലെവി ഈടാക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കുന്നു. ഇത് അന്തര്‍സംസ്ഥാന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താനും സാധിക്കും.കാര്‍ഷിക വിപണന രംഗത്തെ ഗതാഗത ചെലവ് കുറയ്ക്കുകയും മികച്ച വില നേടാന്‍ സഹായിക്കുകയും ചെയ്യുംകര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍ദിഷ്ട മാര്‍ക്കറ്റ് യാര്‍ഡുകള്‍ക്ക് പുറത്ത് വില്‍ക്കുന്നതിന് സെസോ ലെവിയോ കൊടുക്കേണ്ടതില്ല. മിച്ച ഉത്പന്നങ്ങളുള്ള പ്രദേശങ്ങളിലെ കര്‍ഷകരെ മികച്ച വില ലഭിക്കുന്നതിന് ഇത് സഹായിക്കും. ക്ഷാമമുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭിക്കുകയും ചെയ്യും. കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) ന്യായ വില, കാര്‍ഷിക സേവന ബില്‍ എന്നിവ സംബന്ധിച്ച കരാര്‍, 2020 നോക്കുക. ഏതെങ്കിലും കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനു മുന്‍പായി, നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ട് കൃഷിക്കും ഉത്പന്നങ്ങളുടെ വില്‍പനയ്ക്കുമായി കാര്‍ഷിക വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, ചില്ലറ വ്യാപാരികള്‍ എന്നിവരുമായി പ്രതിഫലം നിശ്ചയിച്ച് കരാറില്‍ ഏര്‍പ്പെടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്ന ഒരു നയരേഖ ബില്ലുകള്‍ വ്യവസ്ഥ ചെയ്യുന്നു.

കരാര്‍ അനുബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അനുരഞ്ജന പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി അനുരഞ്ജന ബോര്‍ഡ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, അപ്പീല്‍ അതോറിറ്റി എന്നിവരടങ്ങിയ ത്രിതല തര്‍ക്ക പരിഹാര സംവിധാനവും ബില്‍ വിഭാവനം ചെയ്യുന്നു. ദാല്‍വായ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ബില്ലിന്റെ നേട്ടങ്ങള്‍ ഇങ്ങനെയാണ്. ഇത് ഭാവിയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ പരസ്പരം അംഗീകരിച്ച പ്രതിഫല തുകയ്ക്ക് വില്‍ക്കുന്നതിനും കര്‍ഷകരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും ശ്രമിക്കുന്നു. കൃഷി ഫാമുകളിലേയ്ക്ക് നിക്ഷേപം ഒഴുകുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ കരാര്‍ കാര്‍ഷിക നിയമത്തിന്റെ ലക്ഷ്യം. കരാര്‍ കൃഷി മുഖ്യധാരയിലായിക്കഴിഞ്ഞാല്‍, അഗ്രിബിസിനസുകള്‍ കൃഷിക്കാരെ ഒരുമിച്ചുകൂട്ടുകയും അവരുടെ ഭൂമിയില്‍ നിക്ഷേപിക്കുകയും അറിവും സാങ്കേതികവിദ്യയും നല്‍കുകയും ചെയ്യും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

പ്രവചനാതീതമായ അപകടസാധ്യതയുണ്ടായാല്‍ വിപണി നഷ്ടം കര്‍ഷകരില്‍ നിന്ന് സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറാന്‍ നിയമം അനുശാസിക്കുന്നു. കാരാര്‍ കൃഷിക്ക് നിയമ വ്യവസ്ഥ വ്യക്തമായി നിര്‍വചിക്കുന്നതിലൂടെ, കര്‍ഷകരുടെയും കാര്‍ഷിക വ്യാപാരികളുടെയും ആത്മവിശ്വാസം വര്‍ധിക്കും. ചെറുകിട ഉടമകള്‍ക്ക് അവരുടെ ഉത്പാദനത്തെ സംസ്‌കരണ പ്ലാന്റുകളുടെ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കാന്‍ സാധിക്കും. ഒരു കര്‍ഷകന് ഭാവിയില്‍ പരസ്പര സമ്മതത്തോടെയുള്ള വിലയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി രേഖാമൂലമുള്ള കരാറില്‍ ഏര്‍പ്പെടാം. കരാര്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാകാം. കരാറില്‍ വില അല്ലെങ്കില്‍ പ്രൈസ് ബാന്‍ഡ് ഉള്‍പ്പെടുത്തണം. സമ്മതിച്ച വിലയ്ക്ക് മുകളിലുള്ള എന്തെങ്കിലും അധിക തുക നല്‍കണമെങ്കില്‍, എപിഎംസി മാര്‍ക്കറ്റുകളില്‍ നിലവിലുള്ള വില കണക്കാക്കും. കാര്‍ഷിക വ്യാപാര സ്ഥാപനനത്തില്‍ നിന്നാണ് ഫാമില്‍ നിക്ഷേപം ലഭിക്കുക എന്നതാണ് കരാര്‍ കൃഷിയുടെ മറ്റൊരു നേട്ടം. ഇന്ത്യയിലെ കോഴി വ്യാപാരം ഇതിനകം തന്നെ വിജയകരമായ കരാര്‍ കൃഷി മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്, ദല്‍വായ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ കോഴി ഉല്‍പാദനത്തിന്റെ 66% കരാര്‍ കൃഷിയിലാണ്.

അവശ്യവസ്തുക്കളുടെ (ഭേദഗതി) ബില്‍, 2020 അസാധാരണമായ സാഹചര്യങ്ങളില്‍ (യുദ്ധം, ക്ഷാമം എന്നിവ) മാത്രം ചില ഭക്ഷ്യവസ്തുക്കളുടെ വിതരണം (സ്റ്റോക്ക് ഹോള്‍ഡിങ് പരിധി) നിയന്ത്രിക്കാന്‍ 2020ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ഓര്‍ഡിനന്‍സ് അനുവദിക്കുന്നു. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ ചരക്കുകള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ പുതിയ നിയമം അനുശാസിക്കുന്നു. വര്‍ധിച്ച വിലക്കയറ്റം ഉണ്ടായാല്‍ മാത്രമേ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്താന്‍ കഴിയൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം/ എഫ്ഡിഐ ആകര്‍ഷിക്കുക, വില സ്ഥിരത കൈവരിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

ഈ പരിഷ്‌കാരങ്ങള്‍ ദേശീയ, ആഗോള വിപണികളില്‍ കാര്‍ഷികോത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപത്തിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ 86% വരുന്ന ചെറുകിട കര്‍ഷകരെയും കൃഷിസ്ഥലങ്ങളെയും ഉത്പാദനക്ഷമമാക്കുന്നതിനും കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ബില്ലുകള്‍ എംഎസ്പിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അഞ്ച് ഹെക്ടറില്‍ താഴെ ഭൂമി ഉള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും കര്‍ഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. മത്സരാധിഷ്ഠിത വിപണികളും ഭക്ഷ്യ വിതരണ ശൃംഖലയിലെ ഉയര്‍ന്ന സ്വകാര്യ നിക്ഷേപങ്ങളും ഫാം- ഗേറ്റ് വില മെച്ചപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുകയും മെച്ചപ്പെട്ട കാര്‍ഷിക അന്തരീക്ഷം ഒരുക്കുകയും ആണ് ചെയ്യുന്നത്. ഇടനിലക്കാരെ തടയിടുകയും, ക്രോണി കാപ്പിറ്റലിസത്തെ അകറ്റുകയും ചെയ്താല്‍ ഇത് വന്‍വിപ്ലവമായിരിക്കും ഇന്ത്യയില്‍ ഉണ്ടാക്കുക.

 

About the author

Vishwam

Leave a Comment

error: Content is protected !!