തിരുവനന്തപുരം: തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചുപൂട്ടാന്‍ നീക്കം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കോഴ വിവാദങ്ങളില്‍ യുഎഇ സര്‍ക്കാരിനുള്ള കടുത്ത അതൃപ്തി മൂലമാണ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം മാറ്റുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ചെന്നൈയിലേക്കു മാറ്റി അറ്റസ്റ്റേഷന് അടക്കമുള്ള കാര്യങ്ങള്‍ അവിടെയാക്കാനാണ് നീക്കം. സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം അടക്കം ആരോപിക്കപ്പെട്ടതോടെയാണ് തിടുക്കത്തില്‍ ഇത്തരമൊരു നീക്കത്തിന് യുഎഇ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യുഎഇ സര്ക്കാരിന്റേതെന്നാണ്് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വര്‍ണക്കടത്ത് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണം. തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുതെന്നാണ് യുഎഇ സര്‍ക്കാരന്റെ ആവശ്യം. ദുബായില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്ന് യുഎഇ അധികൃതര്‍ എന്ത്യന് എംബസിയെ അറിയിച്ചിട്ടുണ്ട്. നികുതിയും പിഴയുമടച്ച് തീര്‍ക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും ഈ കേസ് യുഎഇയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വളച്ചൊടിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്കും അമര്‍ഷത്തിന് കാരണമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയെങ്കിലും ഫൈസല്‍ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യംചെയ്യാനോ അന്വേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും സ്വര്‍ണക്കടത്തിനെ നയതന്ത്ര ബാഗേജ് വഴിയാണെന്നാണ് ഇപ്പോഴും പറയുന്നത്.