ഭാരതത്തിന്റെ സാംസ്കാരിക നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച നവോത്ഥാന നായകന് ശ്രീനാരായണഗുരുവിന്റെ 166ാം ജയന്തിദിനമാണ് ഇന്ന്. ആര്‍ഷപരമ്പരയിലെ ആചാര്യശ്രേഷ്ഠനായ ശ്രീനാരായണഗുരു ഹൈന്ദവസമൂഹം നേരിട്ട വെല്ലുവിളികളെ തന്റെ കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്ത്തെഴുന്നേല്ക്കാന് മാത്രമല്ല മതപരിവര്‍ത്തനം പോലെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കുകയും ചെയ്യാന്‍ ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. വര്‍ത്തമാനകാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. ഓണത്തെ കുറിച്ച് ഐതിഹ്യമാലയില്‍ പറയുന്നത്; മഹാബലി ഉത്രാടദിനത്തില്‍ വന്നു ചതയം നാളില്‍ തിരിച്ചു പോകുന്നതായാണ് പറയുക. അങ്ങനെ വരുമ്പോള്‍ സമത്വത്തിനും ഐക്യത്തിനും വേണ്ടി മാവേലി നിയോഗിച്ച യുഗപുരുഷനായാണ് ഗുരുദേവനെ കരുതേണ്ടത്. വിദ്യയും ക്ഷേത്ര ദര്‍ശനവും അധസ്ഥിതര്‍ക്ക് നിഷേധിച്ചിരുന്ന കാലത്ത് വിദ്യയ്ക്കും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ യുഗപുരുഷന്. ദാര്‍ശനിക ചിന്തയിലൂടെ അധസ്ഥിതരുടെ ഇടയില്‍ അറിവിന്റെ വെളിച്ചം വീശാന്‍ മഹാത്മാവിന് കഴിഞ്ഞു. ഇന്ന് ജാതി വ്യത്യാസമില്ലാതെ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയുന്നെങ്കില്‍ അത് ഈ മഹാത്മാവിന്റെ തളരാത്ത പോരാട്ടത്തിന്റെ ഫലമാണ്. സത്യവും ധര്‍മ്മവും അഹിംസയും മാത്രം പിന്തുടര്ന്ന് യുഗപുരുഷന് പടുത്തുയര്‍ത്തിയത് അക്ഷരാര്‍ഥത്തില്‍ പുതിയൊരു സമൂഹത്തെയാണ്. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്കായി ദേവാലയങ്ങളും വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങളും അദ്ദേഹം നിര്‍മിച്ചു. വിദ്യയിലൂടെ മാത്രമെ നവോത്ഥാനം ലക്ഷ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുവെന്ന്’ സമൂഹത്തോടായി ശ്രീനാരായണഗുരു പറഞ്ഞു. തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്. ഗുരുദേവനെ ഹിന്ദുവല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗങ്ങളിലും ശക്തമായിക്കൊണ്ടിരിക്കുകയാണ്. നാല്പത്തി മൂന്ന് ക്ഷേത്രങ്ങള്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് ഗുരുദേവന് എന്ന കാര്യം അഭിനവ നവോത്ഥാനക്കാര്‍ മനപൂര്‍വം മറന്നുകളയുകയാണ്. ആധ്യാത്മികതയിലൂടെ സാമൂഹിക സമരസത നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങി ഹൈന്ദവര്‍ക്ക് സംഘടിച്ചു ശക്തരാവാനുള്ള ആര്‍ജവം നല്കിയ ഗുരുദേവന് നവോത്ഥാന പാഥയിലെ കെടാവിളക്ക് തന്നെയാണ്.