Kerala

പ്രൊഫ. കെ.വി. തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: കേരള പിസിസിയില്‍ നിന്നും നേരിടുന്ന കടുത്ത അവഗണനമൂലം മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പാര്‍ട്ടിമാറാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന- ദേശീയ നേതൃത്വങ്ങള്‍ ഇതുവരെ തോമസിനോട് നീതിപുലര്‍ത്തിയില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കെപിസിസി പുന:സംഘടിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലിരിക്കുന്ന സംസ്ഥാന നേതൃത്വത്തിന് തോമസ് പിണങ്ങിപ്പോയാല്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരിക. കേന്ദ്രസഹമന്ത്രിയായിരുന്ന കെ.വി. തോമസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പാലിച്ചിട്ടില്ല. ഇതില്‍ തന്റെ പ്രതിഷേധം സംസ്ഥാന- ദേശീയ നേതൃത്വങ്ങളെ അദ്ദേഹം അറിയിച്ചുകഴിഞ്ഞു. ഇനിയും തനിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ് തോമസ്. എറണാകുളം സീറ്റ് തോമസിന് നിഷേധിച്ചപ്പോള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെയാണ് തോമസിന് വാഗ്ദാനം ചെയ്തിരുന്നത്. തോമസ് പാര്‍ട്ടി വിട്ടാല്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പല നേതാക്കളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനുപുറമെ ഗ്രൂപ്പ് വഴക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായ ഭിന്നതകളും അതിന്റെ പാരമ്യതയിലാണ് നില്‍ക്കുന്നത്. എ ഗ്രൂപ്പ് ശക്തമായ പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ് ശരിക്കും പൊട്ടിത്തെറിയുടെ വക്കിലാണെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. കേരളത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പോലെ മാറ്റങ്ങളൊന്നും നടക്കില്ലെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഭാരവാഹിക പട്ടിക വയസന്‍ ക്ലബാകരുതെന്നും എണ്ണം കുറയ്ക്കണമെന്നും കര്‍ശനമായി ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വരുന്ന സമയത്ത് പാര്‍ട്ടിയെ ഊര്‍ജസ്വലമായി മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഹൈക്കമാന്‍ഡിന് മുന്നിലേക്ക് സെക്രട്ടറി നിയമത്തിനായി 87 പേരുടെ പട്ടികയാണ് കെപിസിസി നല്‍കിയത്. കരട് പട്ടിക പുതുക്കിപ്പണിതപ്പോള്‍ സെക്രട്ടറിമാരാക്കേണ്ടവരുടെ എണ്ണം 98 ആയി. ജനറല്‍ സെക്രട്ടറി നിയമത്തിനുള്ള പട്ടികയില്‍ അഞ്ച് പേരുണ്ടായിരുന്നത് പുനഃപരിശോധനയില്‍ പത്തായി മാറുകയും ചെയ്തു. ഭാരവാഹിത്വം ലഭിക്കാത്ത മുന്‍ എംഎല്‍എമാര്‍ക്കും മറ്റുമാണ് നിര്‍വാഹക സമിതി എന്ന ആശയം. ആര്യാടന്‍ മുഹമ്മദ്, പി.പി. തങ്കച്ചന്‍, വി.എസ്. വിജയരാഘവന്‍, ബാബു പ്രസാദ്, വി.എസ്. ശിവകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയകാര്യ സമിതി വികസിപ്പിക്കാനുള്ള നിര്‍ദേശവും ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്.

About the author

Vishwam

1 Comment

  • He has minted money like anything..a bootlicker of fake Gandi family. Like AK Antony..did nothing other than corruption ….and what he has done in Kerala outside his community?

Leave a Comment

error: Content is protected !!