ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിസഹായാവസ്ഥയിലായ ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായത് യുവകൈരളി സൗഹൃദവേദിയുടെ ഇടപെടലുകള്‍. ഡല്‍ഹിയില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം ആശ്വാസം പകരുരകയാണ് യുവകൈരളി സൗഹൃദവേദി. വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം, നോര്‍ക്ക രജിസ്ട്രേഷന് എന്നിവയുമായി ബന്ധപ്പെട്ട് ഹെല്പ് ഡെസ്ക് രൂപീകരിച്ച് സംഘടന പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവകൈരളി ലോക്ക് ഡൗണ്‍ കാലത്ത് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും യുവ കൈരളിയുടെ പ്രവര്‍ത്തകള്‍ എപ്പോഴും മുന്‍നിരയില്‍ത്തന്നെയുണ്ട്. റെയില്‍വേ മന്ത്രാലയവുമായും നോര്‍ക്കയുമായും നിരന്തരം ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച വിവരശേഖരണവും വിദ്യാര്‍ഥികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതും അടക്കമുള്ള കാര്യങ്ങളും യുവകൈരളി ചെയ്യുന്നുണ്ട്. ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ യുവകൈരളി സൗഹൃദ വേദി കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനമാരംഭിച്ചത്.